Apple Podcasts-ഉം സ്വകാര്യതയും

Apple Podcasts-ൽ നിങ്ങൾ വാങ്ങുന്ന പോഡ്കാസ്റ്റ് സബ്സ്ക്രിപ്ഷനുകൾ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. തട്ടിപ്പ് തടയാൻ നിങ്ങളുടെ ഡിവൈസിന്റെ ട്രസ്റ്റ് സ്കോർ ഉപയോഗിക്കുന്നു. സേവനം മെച്ചപ്പെടുത്തുന്നതിനും വ്യക്തിഗതമാക്കുന്നതിനുമായി നിങ്ങൾ കേൾക്കുന്ന പോഡ്കാസ്റ്റുകളെയും ആശയവിനിമയങ്ങളെയും കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നു, അവ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടില്ല.
 

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് Apple Podcasts രൂപകൽപ്പന ചെയ്തിരിക്കുന്നത്.


Privacy Icon

  • Apple Podcasts-ൽ നിങ്ങൾ വാങ്ങുന്ന പോഡ്കാസ്റ്റ് സബ്സ്ക്രിപ്ഷനുകൾ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്നതുമായി ബന്ധപ്പെട്ട ഡാറ്റ നിങ്ങളുടെ Apple അക്കൗണ്ടിൽ സംഭരിച്ചിട്ടില്ലാത്ത ഒരു റാൻഡം ഡിവൈസ് ഐഡന്റിഫയറുമായി ലിങ്ക് ചെയ്തിരിക്കുന്നു.
  • നിങ്ങളുടെ പോഡ്കാസ്റ്റ് കേൾവി പ്രവർത്തനം മനസ്സിലാക്കാനും പോഡ്കാസ്റ്റ് ദാതാക്കൾക്ക് മൊത്തത്തിലുള്ള റിപ്പോർട്ട് നൽകാനും ഞങ്ങൾ നിങ്ങളുടെ പോഡ്കാസ്റ്റ് ശ്രവണ ഡാറ്റ ശേഖരിക്കുന്നു.
  • നിങ്ങളുടെ Apple Podcasts-ന്റെ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നു, ഉദാഹരണത്തിന്, ടാപ്പുകൾ.
  • നിങ്ങൾ ഒരു വാങ്ങലിന് ശ്രമിക്കുമ്പോൾ, തട്ടിപ്പ് തിരിച്ചറിയുന്നതിനും തടയുന്നതിനും സഹായിക്കുന്നതിന്, നിങ്ങൾ അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ ഫോൺ കോളുകളുടെയോ ഇ-മെയിലുകളുടെയോ ഏകദേശ എണ്ണം ഉൾപ്പെടെ നിങ്ങളുടെ ഡിവൈസ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഡിവൈസ് ട്രസ്റ്റ് സ്കോർ കണക്കാക്കാൻ ഉപയോഗിക്കും. Apple-ന് നിങ്ങളുടെ ഡിവൈസിലെ യഥാർഥ മൂല്യങ്ങൾ മനസ്സിലാക്കാനാകാത്ത വിധമാണ് സമർപ്പിക്കലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കോറുകൾ ഞങ്ങളുടെ സെർവറുകളിൽ ഒരു നിശ്ചിത സമയത്തേക്ക് സംഭരിക്കുന്നു.

നിങ്ങളുടെ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നത് Apple-ലെ എല്ലാവരുടെയും മുൻഗണനയാണ്. നിങ്ങളുടെ അനുഭവം മികച്ചതാക്കുന്നതിന് ആവശ്യമായ ഡാറ്റ മാത്രം ശേഖരിക്കാൻ ഞങ്ങൾ കഠിനമായി പ്രയത്നിക്കുന്നു, ഞങ്ങൾ ഡാറ്റ ശേഖരിക്കുമ്പോൾ, ഞങ്ങൾ ശേഖരിക്കുന്നത് എന്താണെന്നും എന്താണ് അതിന്റെ ആവശ്യമെന്നും നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു, അവ നിങ്ങൾക്ക് ബോധപൂർവ്വമുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കും. എല്ലാ Apple ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും പോലെ Apple Podcasts-ഉം ഈ തത്വങ്ങൾ മനസ്സിൽ കണ്ടുകൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Apple Podcasts നൽകുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത്

സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി, പോഡ്കാസ്റ്റ് ശ്രോതാക്കളെ കുറിച്ച് മനസിലാക്കുന്നതിനും മൊത്തത്തിലുള്ള റിപ്പോർട്ടുകൾ നൽകുന്നതിനും, കേൾക്കുന്ന പോഡ്കാസ്റ്റുകളെയും ഇടപെടലുകളെയും കുറിച്ചുള്ള ഡാറ്റ ഞങ്ങൾ ശേഖരിക്കുന്നു. നിങ്ങൾ കേൾക്കുന്ന പോഡ്കാസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ, നിങ്ങൾ ഒരു പോഡ്കാസ്റ്റ് എത്രമാത്രം കേൾക്കുന്നു, നിങ്ങൾ എപ്പോൾ കേൾക്കുന്നു, നിങ്ങൾ എപ്പോൾ സ്ട്രീം ചെയ്യുന്നു, ഡൗൺലോഡ് ചെയ്യുന്നു അല്ലെങ്കിൽ ഫോളോ ചെയ്യുന്നു എന്നിവ ഈ ഡാറ്റയിൽ ഉൾപ്പെടുന്നു. സേവനം മെച്ചപ്പെടുത്തുന്നതിനും വ്യക്തിഗതമാക്കുന്നതിനുമായി നിങ്ങൾ ടാപ്പ് ചെയ്യുന്ന ലിങ്കുകൾ പോലുള്ള Apple Podcasts-മായുള്ള നിങ്ങളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു. ഈ ഡാറ്റ മറ്റ് Apple സേവനങ്ങളുമായി ലിങ്ക് ചെയ്യാതിരിക്കാനാണ് ഞങ്ങൾ Apple Podcasts രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വിവരങ്ങൾ Apple Podcasts-ന് മാത്രമുള്ളതും നിങ്ങളുടെ Apple അക്കൗണ്ടിൽ സംഭരിക്കപ്പെടാത്തതുമായ റാൻഡവും അനന്യവുമായ ഐഡന്റിഫയറുമായി ബന്ധിപ്പിച്ചിരിക്കുന്നു. iCloud കീചെയിൻ എനേബിൾ ചെയ്തിട്ടുള്ള നിങ്ങളുടെ എല്ലാ ഡിവൈസുകളിലും ഐഡന്റിഫയറുകൾ സിങ്ക് ചെയ്യാൻ ഞങ്ങൾ iCloud കീചെയിൻ ഉപയോഗിക്കുന്നു. നിങ്ങളുടെ iOS, iPadOS അല്ലെങ്കിൽ visionOS ഡിവൈസിൽ Apple-ലേക്ക് അയച്ച പ്ലേബാക്ക് ഡാറ്റയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഐഡന്റിഫയർ റീസെറ്റ് ചെയ്യാൻ, ക്രമീകരണം > ആപ്പുകൾ > പോഡ്കാസ്റ്റ്സ് > ‘ഐഡന്റിഫയർ റീസെറ്റ് ചെയ്യൂ’ എന്നതിലേക്ക് പോകുക. iOS, iPadOS ഡിവൈസുകൾക്കായി, ജോഡിയാക്കിയ ഏതൊരു watchOS ഡിവൈസുകളുടെ ഐഡന്റിഫയറിനെയും ഇത് റീസെറ്റ് ചെയ്യും.

നിങ്ങളുടെ സൗകര്യാർത്ഥം, Apple Podcasts നിങ്ങളുടെ പ്രിയപ്പെട്ട വിഭാഗങ്ങളും, നിങ്ങൾ കേൾക്കുന്ന പോഡ്കാസ്റ്റ് എപ്പിസോഡുകളുടെ പ്ലേ പൊസിഷനും നിങ്ങൾ ഫോളോ ചെയ്യുന്ന ഷോകൾ, നിങ്ങൾ സേവ് ചെയ്ത എപ്പിസോഡുകൾ, നിങ്ങളുടെ സ്റ്റേഷനുകൾ എന്നിവയുൾപ്പെടുന്ന നിങ്ങളുടെ ലൈബ്രറിയിലെ ഉള്ളടക്കങ്ങളും സിങ്ക് ചെയ്യുന്നു. അതുവഴി ഏത് ഡിവൈസിൽ നിന്നും നിങ്ങൾക്ക് ഒരേ Apple Podcasts അനുഭവം ആസ്വദിക്കാനാകും. ഈ വിവരങ്ങൾ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ടാണ് സംഭരിച്ചിരിക്കുന്നത്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ക്രമീകരണത്തിൽ ലൈബ്രറി സിങ്ക് ചെയ്യുന്നത് ഡിസേബിൾ ചെയ്യാം.

സേവനം വ്യക്തിഗതമാക്കുന്നതിനും നിങ്ങൾക്ക് ഏറ്റവും പ്രസക്തമായ ഉള്ളടക്കം കണ്ടെത്താൻ സഹായിക്കുന്നതിനും നിങ്ങളുടെ പ്രിയപ്പെട്ട വിഭാഗങ്ങൾ, ചാനൽ സബ്സ്ക്രിപ്ഷനുകൾ, ഫോളോ ചെയ്യുന്ന പോഡ്കാസ്റ്റുകൾ, അടുത്തിടെ പ്ലേ ചെയ്ത പോഡ്കാസ്റ്റുകൾ, സമീപകാല ശുപാർശകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. നിങ്ങളുടെ Apple അക്കൗണ്ടിനായുള്ള വ്യക്തിപരമാക്കിയ ശുപാർശകൾ ഓഫാക്കി, Apple Podcasts-ലും App Store, Apple Books iTunes Store, Apple TV എന്നിവയിലും Apple-ൽ നിന്നുള്ള സബ്സ്ക്രിപ്ഷനുകളിലും നിങ്ങൾക്ക് വ്യക്തിഗതമാക്കൽ ഡിസേബിൾ ചെയ്യാം. നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിൽ, ക്രമീകരണം > [നിങ്ങളുടെ പേര്] > മീഡിയയും വാങ്ങലുകളും > ‘അക്കൗണ്ട് കാണൂ’ എന്നതിലേക്ക് പോയി വ്യക്തിഗതമാക്കിയ ശുപാർശകൾ ഓഫാക്കാൻ ടാപ്പ് ചെയ്യൂ.

സമാഹരിച്ച രൂപത്തിൽ മാത്രമാണ് ഞങ്ങൾ പോഡ്കാസ്റ്റ് ദാതാക്കളുമായി ഡാറ്റ പങ്കിടുന്നത്. നിങ്ങളുടെ സ്വകാര്യ വിവരങ്ങളൊന്നും ഞങ്ങൾ മൂന്നാം കക്ഷികളുമായി പങ്കിടില്ല. എന്നിരുന്നാലും ചില പോഡ്കാസ്റ്റ് ദാതാക്കളിൽ നിന്ന് നിങ്ങൾ പോഡ്കാസ്റ്റ് എപ്പിസോഡുകൾ പ്ലേ ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യുമ്പോൾ അല്ലെങ്കിൽ ഒരു ഓഡിയോയുടെ സംക്ഷിപ്ത രൂപം കേൾക്കാൻ Siri ഉപയോഗിക്കുമ്പോൾ, ആ ദാതാക്കൾക്ക് നിങ്ങൾ അവരുടെ പോഡ്കാസ്റ്റുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞേക്കും, ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ ആ ദാതാവിന്റെ സ്വകാര്യതാ നയങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ചാണ് നിയന്ത്രിക്കപ്പെടുന്നത്. ഉദാഹരണത്തിന്, നിങ്ങൾ URL വഴി ഒരു ഷോ ചേർക്കുമ്പോൾ അല്ലെങ്കിൽ ഒരു മൂന്നാം കക്ഷി ഹോസ്റ്റിങ് പ്ലാറ്റ്ഫോം ഹോസ്റ്റ് ചെയ്യുന്ന പോഡ്കാസ്റ്റ് കേൾക്കുമ്പോൾ, അഭ്യർത്ഥിച്ച ഉള്ളടക്കം നിങ്ങൾക്ക് നൽകുന്നതിന് നിങ്ങളുടെ ഡിവൈസ് നേരിട്ട് മൂന്നാം കക്ഷി ഹോസ്റ്റിങ് പ്ലാറ്റ്ഫോമിലേക്ക് കണക്റ്റ് ചെയ്യപ്പെടുന്നു. ഇത് കണക്റ്റ് ചെയ്യുമ്പോൾ, നിങ്ങളുടെ ഡിവൈസിന്റെ IP വിലാസം മൂന്നാം കക്ഷി ഹോസ്റ്റിങ് പ്ലാറ്റ്ഫോമിന് ദൃശ്യമാകും. ഈ മൂന്നാം കക്ഷിയുടെ സ്വകാര്യതാ നയത്തിന് അനുസൃതമായി മൂന്നാം കക്ഷി ഹോസ്റ്റിങ് പ്ലാറ്റ്ഫോം നിങ്ങളുടെ IP വിലാസം ഉപയോഗിക്കുന്നു.

Apple Podcasts സംയോജനം വാഗ്ദാനം ചെയ്യുന്ന മറ്റ് ആപ്പുകളും ഡിവൈസുകളും Apple Podcasts-ലേക്കും നിങ്ങളുടെ പോഡ്കാസ്റ്റുകൾ ലൈബ്രറിയിലേക്കും ആക്സസ് അഭ്യർഥിച്ചേക്കാം. നിങ്ങൾ ഒരു ആപ്പ് അല്ലെങ്കിൽ ഡിവൈസ് ഇന്റഗ്രേഷന് അത്തരം അനുമതി നൽകുകയാണെങ്കിൽ, അതിന് നിങ്ങളുടെ ലൈബ്രറി, പോഡ്കാസ്റ്റ് പ്ലേ പ്രവർത്തനം, നിങ്ങളുടെ ശുപാർശകൾ എന്നിവ പോലുള്ള വിവരങ്ങൾ ആക്സസ് ചെയ്യാനാകും. അനുവദനീയമായ ആപ്പിനോ ഡിവൈസിനോ നിങ്ങളുടെ ലൈബ്രറിയിൽ ഏതൊക്കെ പോഡ്കാസ്റ്റുകൾ ഉണ്ട് എന്നതുപോലുള്ള നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഡാറ്റയും പരിഷ്കരിക്കാനാകും. ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > മീഡിയ & Apple Music എന്നതിലേക്ക് പോയി നിങ്ങളുടെ iOS, iPadOS, അല്ലെങ്കിൽ visionOS ഡിവൈസിലെ iOS, iPadOS, അല്ലെങ്കിൽ visionOS ആപ്പുകളിലേക്കുള്ള ആക്സസ് ഡിസേബിൾ ചെയ്യാം. നിങ്ങളുടെ Apple Music അക്കൗണ്ട് ക്രമീകരണത്തിൽ മറ്റ് ആപ്പുകൾക്കോ ഡിവൈസുകൾക്കോ ഉള്ള ആക്സസ് ഡിസേബിൾ ചെയ്യാനാകും.

നിങ്ങളുമായുള്ള ആശയവിനിമയം

Apple Podcasts, മറ്റ് Apple ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, നിങ്ങൾ ഇഷ്ടപ്പെട്ടേക്കാവുന്ന ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ആശയവിനിമയങ്ങൾ അയയ്ക്കാൻ നിങ്ങളുടെ ഉടമസ്ഥതയിലുള്ള Apple ഉൽപ്പന്നങ്ങളും Apple സേവനങ്ങളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും പോലുള്ള നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം. നിങ്ങൾക്ക് Apple Podcasts-ൽ ലഭ്യമായ പുതിയ ഫീച്ചറുകൾ, ഉള്ളടക്കം, ഓഫറുകൾ എന്നിവയെ കുറിച്ചുള്ള ഇ-മെയിലുകളും Push അറിയിപ്പുകളും അയയ്ക്കാൻ Apple Podcasts-ലെ നിങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള വിവരങ്ങളും Apple ഉപയോഗിച്ചേക്കാം. account.apple.com എന്നതിലേക്ക് പോയി നിങ്ങളുടെ ഇ-മെയിൽ മുൻഗണനകൾ മാറ്റുകയും ഈ ഇ-മെയിലുകൾ സ്വീകരിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. നിങ്ങളുടെ iOS, iPadOS അല്ലെങ്കിൽ visionOS ഡിവൈസിൽ നിങ്ങളുടെ അറിയിപ്പ് മുൻഗണനകൾ അപ്ഡേറ്റ് ചെയ്യാൻ, ക്രമീകരണം > അറിയിപ്പുകൾ > പോഡ്കാസ്റ്റ്സ് എന്നതിലേക്ക് പോകുക. ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അറിയിപ്പുകൾ ഉൾപ്പെടെ ഞങ്ങളുടെ ആശയവിനിമയങ്ങളുമായുള്ള നിങ്ങളുടെ ഇന്ററാക്‌ഷനുകളെ കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിക്കുന്നു.

Apple Podcasts സബ്സ്ക്രിപ്ഷനുകൾ

നിങ്ങൾ Apple Podcasts-ൽ നിന്ന് പോഡ്കാസ്റ്റ് സബ്സ്ക്രിപ്ഷനുകൾ വാങ്ങുകയാണെങ്കിൽ, നിങ്ങളുടെ വാങ്ങൽ ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിന് ആവശ്യമായ അക്കൗണ്ട്, പേയ്മെന്റ് വിവരങ്ങൾ എന്നിവ പോലുള്ള വ്യക്തിഗത ഡാറ്റ ഞങ്ങൾ ഉപയോഗിക്കും, അവ ക്രമീകരണത്തിലും വാങ്ങൽ ചരിത്രത്തിലും നിങ്ങൾക്ക് ആക്സസ് ചെയ്യാനും മാറ്റാനും കഴിയും. Apple Podcasts-ന്റെ സൗജന്യ ട്രയലിനോ പ്രത്യേക ഓഫറിനോ നിങ്ങൾക്ക് യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കാൻ ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗിച്ചേക്കാം.

Apple Podcasts-ൽ അധിക സബ്സ്ക്രിപ്ഷൻ ഉള്ളടക്കം ആക്സസ് ചെയ്യാൻ നിങ്ങൾക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കാൻ App Store വഴിയും മൂന്നാം കക്ഷികളിൽ നിന്നും വാങ്ങിയ Apple സേവനങ്ങളിലേക്കുള്ള നിങ്ങളുടെ സജീവ സബ്സ്ക്രിപ്ഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. ലഭ്യമായ ഉള്ളടക്കമുള്ള ഒരു മൂന്നാം കക്ഷിയിൽ നിന്ന് നിങ്ങൾ മുമ്പ് ഒരു സബ്സ്ക്രിപ്ഷൻ നേരിട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ, മൂന്നാം കക്ഷിയുമായി നിങ്ങളുടെ സബ്സ്ക്രിപ്ഷൻ പരിശോധിച്ചുറപ്പിക്കാനും ആ ഉള്ളടക്കം ആക്സസ് ചെയ്യാനും നിങ്ങൾക്ക് കഴിയും.

തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുന്നത്

നിങ്ങൾ ഒരു പേയ്മെന്റ് കാർഡ് ഉപയോഗിക്കുമ്പോൾ, ഭാവിയിലെ വാങ്ങലുകൾക്കുമായും ആവർത്തിക്കുന്ന ഇടപാടുകൾക്കുമായും അല്ലെങ്കിൽ നിങ്ങൾ അംഗീകരിക്കുന്ന മറ്റ് ഉപയോഗങ്ങൾക്കുമായും നിങ്ങളുടെ കാർഡ് നമ്പറും ബില്ലിങ് വിവരങ്ങളും Apple നിലനിർത്തുകയും ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. നിങ്ങളുടെ ധനകാര്യ സ്ഥാപനത്തിൽ നിന്നോ പേയ്മെന്റ് നെറ്റ്‌വർക്കിൽ നിന്നോ Apple ഈ വിവരങ്ങൾ നേടിയേക്കാം, കൂടാതെ തട്ടിപ്പ് തടയുന്നതിനും പരിശോധിച്ചുറപ്പിക്കുന്നതിനും ഇത് ഉപയോഗിച്ചേക്കാം. Apple Podcasts സബ്സ്ക്രിപ്ഷൻ പുതുക്കലുകൾ പ്രോസസ് ചെയ്യുന്നതിനും പേയ്മെന്റ് പങ്കാളിയുടെ അംഗീകാരത്തിന് മുമ്പായി നിങ്ങളുടെ സബ്സ്ക്രിപ്ഷനുകളിലേക്ക് നിലവിലുള്ള ആക്സസ് നൽകണമോ എന്ന് തീരുമാനിക്കുന്നതിനും Apple-മായുള്ള നിങ്ങളുടെ ബിസിനസ് ബന്ധത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം.

നിങ്ങൾ ഒരു വാങ്ങലിന് ശ്രമിക്കുമ്പോൾ, നിങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഫോൺ കോളുകളുടെയോ ഇ-മെയിലുകളുടെയോ ഏകദേശ എണ്ണം ഉൾപ്പെടെ, നിങ്ങളുടെ ഡിവൈസ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസിൽ ഒരു ഡിവൈസ് ട്രസ്റ്റ് സ്കോറും ഞങ്ങൾ കണക്കാക്കുന്നു. Apple-ന് നിങ്ങളുടെ ഡിവൈസിലെ അന്തർലീന മൂല്യങ്ങൾ മനസ്സിലാക്കാനാകാത്ത വിധമാണ് സമർപ്പിക്കൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കോർ ഞങ്ങളുടെ സെർവറുകളിൽ ഒരു നിശ്ചിത സമയത്തേക്ക് സംഭരിക്കുന്നു.

iOS, iPadOS, അല്ലെങ്കിൽ visionOS സോഫ്റ്റ്‌വെയർ ലൈസൻസ് കരാറോ ബാധകമായ നിയമമോ ലംഘിക്കുന്നതോ ലംഘിക്കാവുന്നതോ ആയ പ്രവർത്തനങ്ങൾ തടയുന്നതിനോ അതിനെതിരെ നടപടിയെടുക്കുന്നതിനോ നിങ്ങൾ Apple Podcasts ഉപയോഗിക്കുന്ന വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം.

വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം

Apple-മായുള്ള നിങ്ങളുടെ കരാർ നിർവഹിക്കുന്നതിനായി, സേവനം നൽകുന്നതിന് ആവശ്യമായ രീതിയിലും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും ഞങ്ങൾ സാധാരണയായി Apple Podcasts-ൽ നിങ്ങളുടെ സ്വകാര്യ ഡാറ്റ പ്രോസസ് ചെയ്യുന്നു. സമ്മതം ഉചിതമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായിടത്ത്, ബാധകമായ പ്രാദേശിക നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും.

ബാധകമായ പ്രാദേശിക നിയമം അനുവദിക്കുന്നപക്ഷം, ഞങ്ങളുടെയോ മൂന്നാം കക്ഷിയുടെയോ ന്യായാനുസൃതമായ താൽപ്പര്യങ്ങൾക്ക് ആവശ്യമായ വ്യക്തിഗത ഡാറ്റ ചുവടെ പറയുന്നവയുമായി ബന്ധപ്പെട്ട് ഞങ്ങൾ പ്രോസസ് ചെയ്യുന്നു:

  • നിങ്ങൾക്ക് ലഭ്യമായ ഉള്ളടക്കം കാണിക്കൂ
  • എല്ലാ ഡിവൈസുകളിലും നിങ്ങളുടെ പ്രിയപ്പെട്ട വിഭാഗങ്ങളും പ്ലേബാക്ക് സ്ഥാനവും ലൈബ്രറിയും സിങ്ക് ചെയ്യുക
  • നിങ്ങൾക്കും മറ്റുള്ളവർക്കുമായി സേവനം ഓപ്റ്റിമൈസ് ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയും Apple Podcasts-നെയും നിങ്ങൾക്ക് താൽപര്യം തോന്നിയേക്കാവുന്ന മറ്റ് അനുബന്ധ Apple ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും ഓഫറുകളെയും കുറിച്ചുള്ള വിവരങ്ങൾ അയയ്ക്കുകയും ചെയ്യുക
  • തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുക

ഉപയോഗിക്കുന്ന ഡാറ്റയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  • പ്രിയപ്പെട്ട വിഭാഗങ്ങളും പ്ലേ പൊസിഷനും നിങ്ങളുടെ ലൈബ്രറിയിലെ ഉള്ളടക്കവും ഉൾപ്പെടെയുള്ള നിങ്ങളുടെ Apple Podcasts-ന്റെ ഉപയോഗം
  • Apple Podcasts-ൽ നിങ്ങൾ വാങ്ങുന്ന പോഡ്കാസ്റ്റ് സബ്സ്ക്രിപ്ഷനുകൾ
  • നിങ്ങളുടെ അക്കൗണ്ട്, നിങ്ങളുടെ ഉടമസ്ഥതയിലുള്ള Apple ഉൽപ്പന്നങ്ങളും നിങ്ങളുടെ Apple സേവന സബ്സ്ക്രിപ്ഷനുകളും പോലുള്ളത്
  • നിങ്ങളുടെ IP വിലാസം

നിലനിർത്തൽ

Apple Podcasts-ലെ നിങ്ങളുടെ വാങ്ങലുകളുമായി ബന്ധപ്പെട്ട വ്യക്തിഗത ഡാറ്റ, പ്രദേശമനുസരിച്ച് വ്യത്യാസപ്പെടുന്ന, ഫിനാൻഷ്യൽ റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട ബാധകമായ നിയമങ്ങളാൽ വ്യക്തമാക്കിയ കാലയളവ് വരെ ഞങ്ങൾ നിലനിർത്തുന്നു. മിക്ക കസ്റ്റമർമാർക്കും, അതിന് കുറഞ്ഞത് 10 വർഷത്തെ നിലനിർത്തൽ കാലയളവ് ആവശ്യമാണ്, എന്നാൽ ചൈന പോലുള്ള പ്രദേശങ്ങളിൽ ആ കാലയളവ് 30 വർഷമായിരിക്കും. നിങ്ങളുടെ അക്കൗണ്ട് ഞങ്ങളുടെ കൈവശമുള്ളിടത്തോളം കാലം നിങ്ങളുടെ വാങ്ങലുകളുടെ രേഖകൾ ഞങ്ങൾ സൂക്ഷിക്കും, അതുവഴി ഞങ്ങളുടെ ബാധകമായ നിബന്ധനകൾക്ക് അനുസൃതമായി നിങ്ങൾക്ക് ആ ഉള്ളടക്കം വീണ്ടും ആക്സസ് ചെയ്യാൻ കഴിയും. നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്താലും Apple Podcasts ഉപയോഗിക്കുന്നത് നിർത്തിയാലും നിങ്ങളുടെ സംഭരിച്ച കാർഡ് വിശദാംശങ്ങളല്ലാത്ത ഇടപാടുകൾ പോലെയുള്ള ചില വിവരങ്ങൾ ബിസിനസ് റെക്കോർഡുകളായി നിലനിർത്തിയേക്കാം.

എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple‑ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

2025-12-12