വാലറ്റും സ്വകാര്യതയും

ഒരു പാസ് ചേർത്താൽ അതിനെ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തും. സജ്ജമാക്കലിനും മാനേജ്മെന്റിനുമായി നിങ്ങളുടെ ഡിവൈസ് പാസ് ദാതാവുമായി ഒരു ഡിവൈസ് ഐഡന്റിഫയർ പങ്കിട്ടേക്കാം.
 

വാലറ്റ് നിങ്ങളുടെ കാർഡുകളും പാസുകളും കൂടുതൽ സുരക്ഷിതവും സ്വകാര്യവുമായ മാർഗത്തിൽ സംഭരിക്കുന്നതിനും മാനേജ് ചെയ്യുന്നതിനുമായി രൂപകൽപ്പന ചെയ്തതാണ്.


Privacy Icon

  • നിങ്ങളൊരു പാസ് ചേർക്കുമ്പോൾ, അത് Apple അക്കൗണ്ടുമായി ബന്ധിപ്പിക്കും. നിങ്ങളുടെ പാസ് കാണിക്കാനും മാനേജ് ചെയ്യാനും സഹായിക്കുന്നതിന് Apple-ന് ചില പാസ് വിവരങ്ങൾ പങ്കിട്ടേക്കാം.
  • നിങ്ങളുടെ ഡിവൈസ് സജജമാക്കലിനും മാനേജ്മെന്റിനുമായി ഒരു അനന്യമായ ഡിവൈസ് ഐഡന്റിഫയർ പാസ് ദാതാവുമായി പങ്കിട്ടേക്കാം.
  • Apple ഇവിടെ വിവരിച്ച പ്രകാരം നിങ്ങളുടെ പാസ് വിവരങ്ങൾ ഉപയോഗിക്കും. നിങ്ങളുടെ പാസ് ദാതാവ് അവരുടെ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്നത് പോലെ നിങ്ങളുടെ പാസ് വിവരങ്ങൾ ഉപയോഗിച്ചേക്കാം.
  • ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ്, ട്രാൻസിറ്റ് കാർഡുകൾ പോലുള്ള സമ്പർക്കരഹിത പേയ്മെന്റുകളുടെ വിവരങ്ങൾ www.apple.com/legal/privacy/data/en/apple-pay എന്നതിൽ Apple Pay-ഉം സ്വകാര്യതയും എന്നതിൽ വിവരിച്ചിരിക്കുന്നു.

ഡിജിറ്റൽ ടിക്കറ്റുകൾ, ബോർഡിങ് പാസുകൾ, കീകൾ എന്നിവയും മറ്റും എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനായി ഒരു സ്ഥലത്ത് സുരക്ഷിതമായി സംഭരിക്കുന്നതിന് വാലറ്റ് നിങ്ങളെ അനുവദിക്കുന്നു.

വാലറ്റിൽ പാസുകൾ ചേർക്കുകയും മാനേജ് ചെയ്യുകയും ചെയ്യുന്നു

നിങ്ങളുടെ പാസ് ദാതാവ് നൽകിയ ‘Apple വാലറ്റിലേക്ക് ചേർക്കൂ’ ലിങ്ക് ടാപ്പ് ചെയ്തോ വാലറ്റിന്റെ ചുവടെയുള്ള ‘പാസുകൾ എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്ത് സ്കാൻ കോഡ് സെലക്റ്റ് ചെയ്ത് QR കോഡ് സ്കാൻ ചെയ്തോ വാലറ്റിലേക്ക് ഒരു പാസ് ചേർക്കാം. നിങ്ങൾക്ക് ചില മൂന്നാം കക്ഷി ആപ്പുകൾ വഴിയും വാലറ്റിലേക്ക് പാസ് നേരിട്ട് ചേർക്കാം. നിങ്ങൾ വാലറ്റിലേക്ക് ഒരു പാസ് ചേർക്കുമ്പോൾ, ടിക്കറ്റ് നമ്പറും പേരും പോലുള്ള പാസിൽ തന്നെ കാണപ്പെടുന്ന വിവരങ്ങൾ ഉൾപ്പെടെ വാലറ്റിലെ പാസിൽ നിർബന്ധമായും കാണിക്കേണ്ട വിവരങ്ങൾ നിങ്ങളുടെ ഡിവൈസ് Apple-ന് അയയ്ക്കുന്നു. Apple നിങ്ങളുടെ പാസും പാസ് വിവരങ്ങളും Apple അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വാലറ്റിൽ പാസ് നിലനിൽക്കുന്ന കാലത്തോളം വിവരങ്ങൾ സംഭരിക്കുകയും പാസ് കാണിക്കുന്നതിനും മാനേജ് ചെയ്യുന്നതിനുമായി വിവരങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. പാസ് ദാതാക്കൾക്ക് ബിൽ ചെയ്യുന്നതിനായി നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയിക്കാത്ത നിങ്ങളുടെ പാസിനെക്കുറിച്ചുള്ള വിവരങ്ങളും Apple സമാഹരിച്ചേക്കാം.

വാലറ്റിലേക്ക് ഒരു പാസ് ചേർക്കുമ്പോൾ, നിങ്ങളുടെ ഡിവൈസ് ഒരു അനന്യമായ ഐഡന്റിഫയർ ജനറേറ്റ് ചെയ്ത് പാസ് ദാതാവുമായി പങ്കിട്ടേക്കാം. ഷോ ആരംഭിക്കുന്ന സമയം, അല്ലെങ്കിൽ ബോർഡിങ് ഗേറ്റ് പോലുള്ള പാസ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് പാസ് സജ്ജമാക്കാനും മാനേജ് ചെയ്യാനും സഹായിക്കുന്നതിന് ഈ അനന്യമായ ഡിവൈസ് ഐഡന്റിഫയർ പാസ് ദാതാവ് ഉപയോഗിച്ചേക്കാം. ഈ അനന്യമായ ഡിവൈസ് ഐഡന്റിഫയർ നിങ്ങളെക്കുറിച്ചോ നിങ്ങളുടെ ഡിവൈസിനെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും പ്രതിഫലിപ്പിക്കുന്നില്ല. ഇത് ഓരോ പാസ് ദാതാവിനും വ്യത്യസ്തമാണ്. ചില പാസുകൾ പാസുകളുടെ പുറകിലുള്ള ഓട്ടോമാറ്റിക് അപ്ഡേറ്റുകൾ എനേബിൾ ചെയ്തോ ഡിസേബിൾ ചെയ്തോ പാസ് ദാതാവിന്റെ പാസ് മാനേജ് ചെയ്യാനുള്ള കഴിവിനെ നിയന്ത്രിക്കുന്നതിന് അനുവദിച്ചേക്കാം.

ഒരു പാസ് നീക്കംചെയ്യുന്നതിന്, പാസിന്റെ പിൻവശത്തെ ‘പാസ് നീക്കം ചെയ്യൂ’ ടാപ്പ് ചെയ്യുകയോ നിങ്ങളുടെ വാലറ്റിന്റെ താഴെയുള്ള ‘പാസുകൾ എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യുകയോ ചെയ്യൂ. സമ്പർക്കരഹിത പേയ്മെന്റുകൾക്കായി ഉപയോഗിക്കാത്ത ഒരു പാസ് നിങ്ങൾ നീക്കം ചെയ്യുമ്പോൾ, നിങ്ങളുടെ ഡിവൈസ് പാസ് ഡിലീറ്റ് ചെയ്യുകയും അത് എല്ലാ അനുബന്ധ പാസ് വിവരങ്ങളും Apple ഡിലീറ്റ് ചെയ്യുന്നതിന് കാരണമാകുകയും ചെയ്യും. നിങ്ങളുടെ പാസ് ദാതാവ് അപ്പോഴും പാസ് വിവരങ്ങളും അനന്യമായ ഡിവൈസ് ഐഡന്റിഫയറും നിലനിർത്തിയേക്കാം.

പാസുകൾ പങ്കിടുന്നു

AirDrop, iMessage, Mail, അല്ലെങ്കിൽ മൂന്നാം കക്ഷി മെയിൽ, സന്ദേശമയയ്ക്കൽ, അല്ലെങ്കിൽ മറ്റ് ആശയവിനിമയ ആപ്പുകൾ മുഖേന പാസുകൾ പങ്കിടുന്നതിന് വാലറ്റ് നിങ്ങളെ അനുവദിക്കുന്നു. പാസ് പങ്കിടാൻ നിങ്ങളൊരു മൂന്നാം കക്ഷി ആപ്പ് ഉപയോഗിച്ചാൽ, പങ്കിടൽ അവരുടെ സ്വകാര്യതാ നയത്തിന് വിധേയമായിരിക്കും. സ്വീകർത്താവ് പാസ് സ്വീകരിച്ചാൽ, പാസിൽ തന്നെ എല്ലാ വിവരങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന പാസിന്റെ ഒരു പകർപ്പ് അവർക്ക് ലഭിക്കും. കുടുംബ പങ്കിടൽ എനേബിൾ ചെയ്യുമ്പോൾ, കുടുംബ ഓർഗനൈസർ, പേരന്റ്, അല്ലെങ്കിൽ നിയമസാധുതയുള്ള രക്ഷാകർത്താവ് എന്നിവർ ചൈൽഡ് അക്കൗണ്ടുമായി പങ്കിടുന്ന പാസുകൾ ഓട്ടോമാറ്റിക്കായി സ്വീകരിക്കപ്പെട്ടേക്കാം.

പാസ് ദാതാവ് മാനേജ് ചെയ്യുന്ന ഒരു പാസ് നിങ്ങൾ പങ്കിടുകയാണെങ്കിൽ, പാസ് പങ്കിട്ട വിവരം നിങ്ങളുടെ ഡിവൈസ് പാസ് ദാതാവിനെ അറിയിച്ചേക്കാം. ഉദാഹരണത്തിന്, ഒരു പാസ് അഞ്ച് അതിഥികൾക്ക് വരെ സാധുതയുള്ളതാണെങ്കിൽ, പാസ് പരിധി നിയന്ത്രിക്കുന്നതിന് പാസ് ദാതാവിനെ അനുവദിക്കുന്നതിന് പാസ് പങ്കിട്ടതിന്റെ എണ്ണം നിങ്ങളുടെ ഡിവൈസ് പാസ് ദാതാവിനെ അറിയിച്ചേക്കാം. പാസ് മാനേജ് ചെയ്യാൻ Apple സഹായിക്കുകയാണെങ്കിൽ, നിങ്ങളുടെ ഡിവൈസ് Apple-നോട് പാസ് പങ്കിട്ടതായും അത് ആരുമായിട്ടാണെന്നും പറയും. Apple ഈ വിവരങ്ങൾ പാസ് മാനേജ് ചെയ്യാൻ സഹായിക്കുന്നതിന് മാത്രമേ ഉപയോഗിക്കുകയുള്ളു. ഈ വിവരങ്ങൾ സംഭരിക്കില്ല.

ട്രാൻസിറ്റ് കാർഡുകൾ ചേർക്കുകയും മാനേജ് ചെയ്യുകയും ചെയ്യുന്നു

ഒരു ട്രാൻസിറ്റ് കാർഡ് വാലറ്റിലേക്ക് ചേർക്കുക വഴി ട്രാൻസിറ്റ് കാർഡിനെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ Apple Account-മായി ബന്ധിപ്പിക്കും. നിങ്ങളുടെ ട്രാൻസിറ്റ് കാർഡിൽ പോസിറ്റീവ് ബാലൻസ് ഉള്ളിടത്തോളം നിങ്ങൾക്ക് ബാലൻസ് വീണ്ടെടുക്കാൻ സഹായിക്കുമെന്ന് ഉറപ്പാക്കുന്നതിന് നിങ്ങളുടെ കാർഡ് Apple അക്കൗണ്ടുമായി ബന്ധപ്പെട്ട നിലയിൽ തുടരും. നിങ്ങൾ കാർഡിലേക്ക് ഒന്നിലധികം ട്രാൻസിറ്റ് ചേർത്താൽ, Apple, അല്ലെങ്കിൽ അതിന്റെ പങ്കാളികൾക്ക് കാർഡുകൾക്കിടയിൽ ബന്ധപ്പെടുത്തിയ വ്യക്തിഗത വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും ലിങ്ക് ചെയ്യുന്നതിന് കഴിഞ്ഞേക്കാം,. ഉദാഹരണത്തിന്, വ്യക്തിഗതമാക്കിയ യാത്രാ കാർഡുകൾ വ്യക്തിഗതമല്ലാത്ത യാത്രാ കാർഡുകളുമായി ലിങ്ക് ചെയ്യാനാകും. ജപ്പാനിൽ വാലറ്റിൽ ട്രാൻസിറ്റ് കാർഡുകൾ സജ്ജമാക്കുന്നതിനെക്കുറിച്ചുള്ള സമാഹരിച്ചതും വ്യക്തിപരമായി തിരിച്ചറിയാനാകാത്തതുമായ വിവരങ്ങൾ ഇടയ്ക്കിടെ മൊബൈൽ ഡിവൈസ് നെറ്റ്‌വർക്ക് ദാതാക്കളുമായി പങ്കിട്ടേക്കാം.

നിങ്ങളൊരു ട്രാൻസിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ, അടുത്തിടെ സന്ദർശിച്ച സ്റ്റേഷനുകൾ, ഇടപാട് ചരിത്രം, അധിക ടിക്കറ്റുകൾ എന്നിവ ഒരു സമ്പർക്കരഹിത കാർഡ് റീഡർ ആക്സസ് ചെയ്തേക്കാം. കാർഡ് നിങ്ങളുടെ എക്സ്പ്രസ് ട്രാൻസിറ്റ് കാർഡായി (Touch ID, Face ID, അല്ലെങ്കിൽ പാസ്‌കോഡ് ഇല്ലാതെ ഇടപാടുകൾ പൂർത്തിയാക്കാൻ നിങ്ങളെ അനുവദിക്കുന്ന സംവിധാനം) സജ്ജമാക്കിയിട്ടുണ്ടെങ്കിൽ, ഈ വിവരങ്ങൾ സമീപത്തുള്ള ഏത് സമ്പർക്കരഹിത കാർഡ് റീഡർക്കും ആക്സസ് ചെയ്യാനാകും. നിങ്ങളുടെ iOS ഡിവൈസിൽ ക്രമീകരണം > വാലറ്റും Apple Pay-ഉം എന്നതിലേക്ക് പോയിട്ടോ അല്ലെങ്കിൽ Apple Watch-ൽ വാലറ്റും Apple Pay-യും > എക്സ്പ്രസ് ട്രാൻസിറ്റ് കാർഡ് എന്നതിൽ ടാപ്പ് ചെയ്തോ നിങ്ങൾക്ക് എക്സ്പ്രസ് ട്രാൻസിറ്റ് കാർഡ് മാനേജ് ചെയ്യാനാകും.

റിവാർഡുകളും സമ്മാന കാർഡുകളും ചേർക്കുകയും മാനേജ് ചെയ്യുകയും ചെയ്യുന്നു

നിങ്ങൾ തിരഞ്ഞെടുത്ത സ്റ്റോറുകളിൽ കോൺടാക്റ്റിലില്ലാത്ത റിവാർഡുകളും സമ്മാന കാർഡ് ഇടപാടുകളും നടത്തുന്നതിന് വാലറ്റിൽ സംഭരിച്ചിരിക്കുന്ന യോഗ്യമായ റിവാർഡുകളും സമ്മാന കാർഡുകളും ഉപയോഗിച്ചേക്കാം. നിങ്ങൾ വാലറ്റിലേക്ക് റിവാർഡുകളോ സമ്മാന കാർഡോ ചേർത്താൽ, നിങ്ങളുടെ അക്കൗണ്ടിനെയോ കാർഡിനെയോ (ഒരു ഐഡന്റിഫയർ ഉൾപ്പെടെ) കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ ഡിവൈസിൽ സംഭരിക്കുകയും iCloud വഴി സംഭരിക്കുകയും ചെയ്യും. നിങ്ങൾക്ക് ക്രമീകരണം > [നിങ്ങളുടെ പേര്] > iCloud > iCloud ഉപയോഗിക്കുന്ന ആപ്പുകൾ > എല്ലാം കാണിക്കുക എന്നതിലേക്ക് പോയി വാലറ്റ് ഓഫ് ചെയ്യൂ ടാപ്പ് ചെയ്ത് നിങ്ങൾക്ക് iCloud സമന്വയിപ്പിക്കൽ ഡിസേബിൾ ചെയ്യാം.

ഒരു Apple സമ്മാന കാർഡ് റിഡീം ചെയ്യുകയോ നിങ്ങളുടെ Apple അക്കൗണ്ട് ബാലൻസിലേക്ക് മൂല്യം ചേർക്കുകയോ ചെയ്ത ശേഷം നിങ്ങളുടെ Apple അക്കൗണ്ട് കാർഡ് വാലറ്റിലേക്ക് ചേർക്കും. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് എളുപ്പത്തിൽ നിങ്ങളുടെ അടുത്തിടെയുള്ള ഇടപാടുകൾ കാണാനും Apple Store-കളിൽ നിങ്ങളുടെ Apple അക്കൗണ്ട് ബാലൻസ് ഉപയോഗിക്കാനുമാകു,ം.

സ്റ്റോറിൽ നിങ്ങൾ നിങ്ങളുടെ റിവാർഡുകളോ സമ്മാന കാർഡോ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഇടപാടുകളുടെ ഭാഗമായി പേയ്മെന്റ് ടെർമിനൽ നിങ്ങളുടെ ഡിവൈസിലെ അതുമായി ബന്ധപ്പെട്ട റിവാർഡുകൾ, അല്ലെങ്കിൽ സമ്മാനം എന്നിവയിൽ നിന്ന് റിവാർഡുകളോ സമ്മാന കാർഡ് ഐഡന്റിഫയറോ അഭ്യർഥിച്ചേക്കാം. നിങ്ങൾക്ക് വാലറ്റിലെ കാർഡ് സെലക്റ്റ് ചെയ്ത് കാർഡ് വിശദാംശങ്ങളിൽ ഓട്ടോമാറ്റിക് സെലക്ഷൻ ഡിസേബിൾ ചെയ്ത് ഈ ഫങ്ഷനാലിറ്റി ഡിസേബിൾ ചെയ്യാം. തിരഞ്ഞെടുത്ത സ്റ്റോറുകളിൽ പേയ്മെന്റ് ടെർമിനൽ നിങ്ങളുടെ ഡിവൈസിൽ നിന്ന് റിവാർഡ് കാർഡ് ഐഡന്റിഫയർ സ്വീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾ നിങ്ങളുടെ വാലറ്റിലേക്ക് റിവാർഡ് കാർഡുകൾ ചേർക്കാനോ നിങ്ങളൊരു അംഗമല്ലെങ്കിൽ വ്യാപാരികൾക്കായുള്ള റിവാർഡ് പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്യാനോ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ച് ഇത് ഒരു അറിയിപ്പ് ട്രിഗർ ചെയ്യും. റിവാർഡിനായി സൈൻ അപ്പ് ചെയ്യുന്ന സന്ദർഭങ്ങളിൽ, നിങ്ങളുടെ പേര്, പിൻകോഡ്, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ പോലുള്ള വിവരങ്ങൾ നൽകാൻ വ്യാപാരി അഭ്യർഥിച്ചേക്കാം. നിങ്ങളൊരു വ്യാപാരി റിവാർഡ് കാർഡ് വ്യക്തിഗതമാക്കുമ്പോൾ Apple-ന് അറിയിപ്പ് ലഭിക്കുന്ന സമയത്ത്, നിങ്ങൾ പങ്കിടുന്ന വിവരങ്ങൾ നിങ്ങളുടെ ഡിവൈസിൽ നിന്ന് നേരിട്ട് വ്യാപാരിക്ക് അയയ്ക്കുകയും വ്യാപാരി സ്വകാര്യതാ നയം അനുസരിച്ച് കൈകാര്യം ചെയ്യുകയും ചെയ്യും.

വിദ്യാർഥി ഐഡി കാർഡുകൾ ചേർക്കുകയും മാനേജ് ചെയ്യുകയും ചെയ്യുന്നു

പിന്തുണയ്ക്കുന്ന ഒരു വിദ്യാർഥി ID കാർഡ് വാലറ്റിലേക്ക് ചേർക്കുന്നതിന് നിങ്ങൾ തിരഞ്ഞെടുത്താൽ നിങ്ങളുടെ വിദ്യാർഥി ID കാർഡിനെക്കുറിച്ചുള്ള വിവരങ്ങളും ചില ഡിവൈസ് ക്രമീകരണങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടോയെന്ന കാര്യവും Apple-ന് നൽകിയേക്കാം. നിങ്ങളുടെ സ്കൂളിന് നിങ്ങളുടെ ഐഡി കാർഡ് എനേബിൾ ചെയ്യുന്നതിനും യോഗ്യത നിർണയിക്കുന്നതിനും ഇനിപ്പറയുന്നവ ഉൾപ്പെടെ വഞ്ചനകൾ തടയുന്നതിനുമായി Apple നിങ്ങളുടെ സ്കൂളിനും ദാതാക്കൾക്കും വിവരങ്ങളും നൽകിയേക്കാം:

  • നിങ്ങളുടെ വിദ്യാർഥി ID കാർഡ് നമ്പർ
  • നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട പേരും ബില്ലിങ് വിലാസവും
  • നിങ്ങളുടെ ഡിവൈസിനെ കുറിച്ചുള്ള വിവരങ്ങൾ, Apple Watch ഉപയോഗിക്കുന്നുണ്ടെങ്കിൽ ജോഡിയാക്കിയ iOS ഡിവൈസ് എന്നിവ (ഉദാഹരണത്തിന്, ഡിവൈസ് ഐഡന്റിഫയറും നിങ്ങളുടെ ഡിവൈസിന്റെ മോഡലും)

Apple-ന് നിങ്ങളുടെ വിദ്യാർഥി ID ഫോട്ടോ ലഭിക്കുകയും അത് Apple അക്കൗണ്ടിൽ സംഭരിക്കുകയും ചെയ്യുന്നു. നിങ്ങളൊരു വിദ്യാർഥി ഐഡി കാർഡ് ഉപയോഗിക്കുമ്പോൾ, കാർഡ് എക്സ്പ്രസ് മോഡിൽ പ്രവർത്തിപ്പിക്കാനായി സജ്ജമാക്കിയതാണെങ്കിൽ (Touch ID, Face ID, അല്ലെങ്കിൽ പാസ്‌വേഡ് എന്നിവയില്ലാതെ ഇടപാടുകൾ പൂർത്തിയാക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു സംവിധാനം) സമ്പർക്കരഹിത കാർഡ് റീഡറുകൾക്ക് നിങ്ങളുടെ ഐഡി കാർഡ് നമ്പർ ആക്സസ് ചെയ്യാനാകും. നിങ്ങൾക്ക് നിങ്ങളുടെ iPhone-ലെ ക്രമീകരണം > വാലറ്റും Apple Pay-യും എന്നതിലോ വാലറ്റും Apple Pay-യും ടാപ്പ് ചെയ്ത് Apple Watch ആപ്പിലോ നിങ്ങൾക്ക് നിങ്ങളുടെ iPhone-ൽ എക്സ്പ്രസ് മോഡ് മാനേജ് ചെയ്യാം.

കാർ കീകൾ ചേർക്കുകയും മാനേജ് ചെയ്യുകയും ചെയ്യുന്നു

വാലറ്റ് ചില വാഹനങ്ങൾക്കുള്ള കാർ കീകൾ ചേർക്കാനും പങ്കിടാനും നിങ്ങളെ അനുവദിക്കുന്നു. വാഹനം നിങ്ങളുടേതാണെന്ന് അവകാശപ്പെടുന്നതിനും നിങ്ങളുടെ വാഹനവുമായി നിങ്ങളുടെ ഡിവൈസ് ജോഡിയാക്കുന്നതിനും ഒരു ജോഡിയാക്കൽ കോഡ് നൽകുന്നതിലൂടെ നിങ്ങൾക്ക് വാലറ്റിൽ ഒരു കാർ കീ നൽകാം. ഇത് വിജയിച്ചാൽ, നിങ്ങളുടെ ഡിവൈസ് Apple, വാഹന നിർമാതാവിന് അയയ്ക്കുന്ന രജിസ്ട്രേഷൻ വ്യാജമല്ലെന്നുള്ള സ്ഥിരീകരണം Apple-ന് അയയ്ക്കും. ഈ വിവരങ്ങൾ വാഹന നിർമാതാവിന് മാത്രമേ കാണാനാകൂ, Apple-ന് കാണാനാകില്ല.

നിങ്ങളുടെ കാർ കീ സജ്ജമാക്കുന്നതിന് Apple നിങ്ങളുടെ വാഹന നിർമാതാവുമായി ഒരു ഐഡന്റിഫയർ പങ്കിടുന്നു. ഈ ഡിവൈസ് ഐഡന്റിഫയർ ഓരാ വാഹന നിർമാതാവിനും വ്യത്യസ്തമായിരിക്കും. ക്രമീകരണം > പൊതുവായവ > റീസെറ്റ് ചെയ്യൂ > എല്ലാ ഉള്ളടക്കവും ക്രമീകരണവും മായ്ക്കൂ എന്നതിലേക്ക് പോയി ഇത് റീസെറ്റ് ചെയ്യാം. നിങ്ങളുടെ വാഹന നിർമ്മാതാവ് നിങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള മറ്റ് വിവരങ്ങളുമായി ഈ ഡിവൈസ് കണക്റ്റ് ചെയ്യാനിടയുണ്ട്. അതിന്റെ സ്വകാര്യത നയത്തിന് അനുസരിച്ച് നിങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള വിവരങ്ങൾ അത് പ്രോസസ് ചെയ്യും.

നിങ്ങൾ അനുവദിക്കാൻ ആഗ്രഹിക്കുന്ന ആക്സസ് തരം സെലക്റ്റ് ചെയ്ത് iMessage ഉപയോഗിച്ച് കാർ കീ പാസ് പങ്കിട്ട് നിങ്ങൾക്ക് കാർ കീ പാസുകളുടെ പുറകുവശത്തുള്ള ക്ഷണം ടാപ്പ് ചെയ്ത് കാർ കീകൾ പങ്കിടാം. കാർ കീ പാസുകൾ സജ്ജമാക്കുന്നതിനും മാനേജ് ചെയ്യുന്നതിനും Apple വാഹന നിർമ്മാതാവുമായി ആരുമായാണ് പാസ് പങ്കിട്ടത്, ഏത് നിലയിലുള്ള ആക്സസാണ് അനുവദിച്ചത് എന്നീ വിവരങ്ങൾ Apple വാഹന നിർമ്മാതാക്കൾക്ക് നൽകിയേക്കാം. Apple ഈ വിവരങ്ങൾ കാണില്ല. നിങ്ങളുടെ പാസുകൾ മാനേജ് ചെയ്യുന്നതിനായി വാഹന നിർമാതാക്കളെ എനേബിൾ ചെയ്യുന്നതിനായി പാസ് സ്വീകർത്താവിനായി Apple ഒരു ഐഡന്റിഫയറും പങ്കിടുന്നു. പാസ് സ്വീകർത്താക്കൾക്കായി, ഉടമകളുമായി ഉള്ളതുപോലെ, സ്വീകർത്താക്കളെക്കുറിച്ച് ഉണ്ടാകാനിടയുള്ള മറ്റ് വിവരങ്ങളുമായി വാഹന നിർമ്മാതാവ് കണക്റ്റ് ചെയ്യാനും അതിന്റെ സ്വകാര്യതാ നയമനുസരിച്ച് ആ വിവരങ്ങൾ പ്രോസസ് ചെയ്യുകയും ചെയ്തേക്കാം.

Apple നിങ്ങൾ എപ്പോഴാണ് കാർ കീ ഉപയോഗിക്കുന്നത്, വാഹനം ലോക്കും അൺലോക്കും ചെയ്യുന്നതിനുള്ള പാസ് പോലുള്ള വാഹന ഉപയോഗത്തെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയോ നിലനിർത്തുകയോ ചെയ്യുന്നില്ല. നിങ്ങളുടെ വാഹന നിർമാതാക്കൾ നിങ്ങൾക്ക് അവരുമായുള്ള കരാറുകൾ അനുസരിച്ചുള്ള വാഹന ഉപയോഗ വിവരങ്ങൾ ശേഖരിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ വാഹന നിർമ്മാതാക്കളുടെ സ്വകാര്യതാ നയങ്ങൾ റിവ്യൂ ചെയ്യാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു.

ഹോം കീകൾ ചേർക്കുകയും മാനേജ് ചെയ്യുകയും ചെയ്യുന്നു

നിങ്ങളുടെ ഹോമിലേക്ക് HomeKit എനേബിൾ ചെയ്ത ലോക്ക് ചേർത്തപ്പോൾ, ഹോം ആപ്പുമായി ലോക്ക് ചേർക്കുന്നത് പോലെ ഒരു ഹോം കീ ഓട്ടോമാറ്റിക്കായി വാലറ്റിലേക്ക് ചേർക്കും. നിങ്ങളുടെ ഹോമിന് ഒന്നിലധികം ലോക്കുകളുണ്ടെങ്കിൽ, ഒരു ഹോമിന് ഒരു ഹോം കീ ഉണ്ടാകും. നിങ്ങൾക്ക് ഹോം ആപ്പിനുള്ളിലോ നിങ്ങൾ HomeKit എനേബിൾ ചെയ്ത ലോക്കുകൾ മാനേജ് ചെയ്യാൻ നിങ്ങൾ ഉപയോഗിക്കുന്ന മറ്റേത് ആപ്പുകളിലോ ലോക്കുകൾ കാണാനും മാനേജ് ചെയ്യാനുമാകും. നിങ്ങൾ ഹോമിൽ ഇപ്പോൾ അംഗമല്ലെങ്കിലോ ഹോമിൽ നിന്ന് എല്ലാ ഹോം കിറ്റ് എനേബിൾ ചെയ്ത ലോക്കുകളും നീക്കം ചെയ്യപ്പെടുമ്പോഴോ നിങ്ങളുടെ ഹോം കീ വാലറ്റിൽ നിന്ന് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടും.

ആരോഗ്യം ആപ്പിൽ നിന്നുള്ള നിങ്ങളുടെ വാക്സിനേഷൻ കാർഡുകൾ ചേർക്കുകയും മാനേജ് ചെയ്യുകയും ചെയ്യുന്നു

നിങ്ങളുടെ ആരോഗ്യം ആപ്പിലേക്ക് നിങ്ങളുടെ വാക്സിനേഷൻ റെക്കോർഡ് ചേർക്കുന്നതിനായി നിങ്ങളൊരു QR കോഡോ ഡൗൺലോഡ് ചെയ്ത ലിങ്കോ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ വാക്സിനേഷൻ കാർഡ് ദ്രുതഗതിയിൽ ആക്സസ് ചെയ്യുന്നതിന് നിങ്ങളുടെ വാക്സിനേഷൻ കാർഡും വാലറ്റിലേക്ക് ചേർക്കും. വാലറ്റിലേക്ക് ഒരു വാക്സിനേഷൻ കാർഡ് ചേർക്കുമ്പോൾ, നിങ്ങളുടെ വാക്സിനേഷൻ റെക്കോർഡിന്റെ ഒരു പകർപ്പ് നിങ്ങൾ വാക്സിനേഷൻ കാർഡ് ചേർത്ത ഡിവൈസിലേക്ക് വാലറ്റ് സംഭരിക്കും. നിങ്ങളുടെ വാക്സിനേഷൻ കാർഡിൽ നിങ്ങളുടെ പേര്, ജനന തീയതി, വാക്സിൻ തരം, വാക്സിനേഷൻ തീയതി(കൾ) തുടങ്ങിയ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. ഈ വിവരങ്ങൾ നിങ്ങളുടെ വാക്സിനേഷൻ കാർഡ് കാണിക്കുന്നതിന് നിങ്ങളുടെ ഡിവൈസ് ഉപയോഗിക്കുന്നു. വാലറ്റിൽ സംഭരിച്ചിരിക്കുന്ന വാക്സിനേഷൻ കാർഡ് നിങ്ങളുടെ ഡിവൈസിലുടനീളം സിങ്ക് ചെയ്യുകയോ iCloud-ലേക്ക് ബാക്ക്അപ്പ് ചെയ്യുകയോ ഇല്ല. Apple-ന് നിങ്ങളുടെ വാക്സിനേഷൻ കാർഡിലെ വിവരങ്ങളോ നിങ്ങളുടെ വാക്സിനേഷൻ കാർഡ് ഉപയോഗം സംബന്ധിച്ച വിവരങ്ങളോ കാണാനാകില്ല.

Face ID, Touch ID, അല്ലെങ്കിൽ പാസ്കോഡ് ഉപയോഗിച്ച് ഓതെന്റിക്കേറ്റ് ചെയ്യുന്നതുവരെ നിങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് കാർഡിന്റെ പൂർണ വിശദാംശങ്ങൾ ലോക്ക് സ്ക്രീനിൽ ദൃശ്യമാകില്ല. നിങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് കാർഡ് വിശദാംശങ്ങൾ അവതരിപ്പിക്കാൻ, നിങ്ങൾ ആദ്യം ഓതെന്റിക്കേറ്റ് ചെയ്യേണ്ടതുണ്ട്. ഓതെന്റിക്കേറ്റ് ചെയ്ത് കഴിഞ്ഞാൽ, നിങ്ങളുടെ ഡിവൈസ് സ്ക്രീനിൽ വാക്സിനേഷൻ കാർഡ് പ്രദർശിപ്പിച്ചാൽ, നിങ്ങളുടെ ഡിവൈസിലേക്ക് ആക്സസ് ഉള്ള ആർക്കും അത് കാണാനായേക്കുമെന്നതിനാൽ നിങ്ങളുടെ ഡിവൈസ് സംരക്ഷിക്കാൻ നിങ്ങൾ മുൻകരുതൽ എടുത്തിരിക്കണം.

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വാലറ്റിൽ നിന്ന് പ്രതിരോധ കുത്തിവെയ്പ്പ് കാർഡ് നീക്കം ചെയ്യാം. വാലറ്റിൽ നിന്ന് നിങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് കാർഡ് നീക്കം ചെയ്യുന്നത്, ആരോഗ്യം ആപ്പിൽ സംഭരിച്ചിരിക്കുന്ന നിങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് റെക്കോർഡിന്റെ പകർപ്പ് ഡിലീറ്റ് ചെയ്യില്ല. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ആരോഗ്യം ആപ്പിൽ നിന്ന് പ്രതിരോധ കുത്തിവെയ്പ്പ് റെക്കോർഡ് ഡിലീറ്റ് ചെയ്യാം. നിങ്ങൾ ആരോഗ്യം ആപ്പിൽ നിന്ന് നിങ്ങളുടെ വാക്സിനേഷൻ റെക്കോർഡ് ഡിലീറ്റ് ചെയ്താൽ, വാലറ്റിലെ അനുബന്ധ വാക്സിനേഷൻ കാർഡും ഡിലീറ്റ് ചെയ്യപ്പെടും.

ഓട്ടോ-ഫിൽ കാർഡുകൾ

നിങ്ങളുടെ സൗകര്യത്തിനായി, ക്രമീകരണം > വാലറ്റും Apple Pay-യും എന്നതിലേക്ക് പോയി നിങ്ങളുടെ സേവ് ചെയ്ത ഓട്ടോ-ഫിൽ കാർഡുകൾ ഇപ്പോൾ മാനേജ് ചെയ്യാവുന്നതാണ്. ഓട്ടോ-ഫിൽ കാർഡുകൾ നിങ്ങളുടെ iCloud കീചെയിനിലാണ് സ്റ്റോർ ചെയ്യുക Apple വാലറ്റിൽ അല്ല. ക്രമീകരണം > വാലറ്റും Apple Pay-യും എന്നതിലേക്ക് പോയി, ‘Apple Pay-ക്കൊപ്പം ഈ കാർഡുകൾ ഉപയോഗിക്കൂ’ എന്നത് ഓൺ ചെയ്ത് നിങ്ങൾക്ക് Apple Pay-ക്കൊപ്പം ഓട്ടോ-ഫിൽ കാർഡുകൾ ഉപയോഗിക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. എനേബിൾ ചെയ്യുമ്പോൾ, Apple Pay യോഗ്യത നിർണയിക്കാൻ നിങ്ങളുടെ ഡിവൈസ് iCloud കീചെയിനിൽ നിന്നുള്ള ഓട്ടോ-ഫിൽ കാർഡ് നമ്പറുകൾ നിങ്ങളുടെ കാർഡുകളുടെ പേയ്മെന്റ് നെറ്റ്‌വർക്കുകളുമായി പങ്കിടുന്നു. യോഗ്യതയുണ്ടെങ്കിൽ, കൂടുതൽ സുരക്ഷിതമായ ഇടപാടുകൾ എനേബിൾ ചെയ്യുന്നതിന് നിങ്ങളുടെ സേവ് ചെയ്ത ഓട്ടോ-ഫിൽ കാർഡുകൾ Apple Pay-ലേക്ക് ചേർക്കുന്നത് തുടരാം.

നിങ്ങളുമായുള്ള ആശയവിനിമയം

Apple വാലറ്റ്, നിങ്ങൾക്ക് താൽപര്യമുള്ള മറ്റ് Apple ഉൽപന്നങ്ങൾ, സേവനങ്ങൾ, ഓഫറുകൾ എന്നിവയെക്കുറിച്ചുള്ള ആശയവിനിമയങ്ങൾ നിങ്ങൾക്ക് അയയ്ക്കാൻ വാലറ്റിൽ നിങ്ങൾ ചേർത്ത പാസുകളുടെ തരങ്ങൾ, നിങ്ങളുടെ iCloud കുടുംബ സ്റ്റാറ്റസ് എന്നിവ ഉൾപ്പെടെ നിങ്ങളുടെ അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ Apple ഉപയോഗിച്ചേക്കാം. പ്രസക്തമായ ആശയവിനിമയങ്ങൾ തിരിച്ചറിയുന്നതിന്, Apple വാലറ്റിലെ നിങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങളും നിങ്ങളുടെ ഏകദേശ ലൊക്കേഷനും (ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തയിടം) നിങ്ങളുടെ ഡിവൈസ് ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ മെട്രോപൊളിറ്റൻ മേഖലയിൽ ഒരു Apple വാലറ്റ് ട്രാൻസിറ്റ് പാസ് ലഭ്യമാണെന്ന് നിങ്ങളുടെ ഡിവൈസ് പങ്കിട്ടേക്കാം. നിങ്ങളുടെ Apple വാലറ്റ് പ്രവർത്തനമോ ഏകദേശ ലൊക്കേഷൻ വിവരങ്ങളോ നിങ്ങളുടെ ഡിവൈസിനാണ് അറിയുക, Apple-നല്ല. ക്രമീകരണം > വാലറ്റും Apple Pay-യും എന്നതിലേക്ക് പോയി നിങ്ങളുടെ ആശയവിനിമയ മുൻഗണനകൾ നിങ്ങൾക്ക് മാറ്റാവുന്നതാണ്.

വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം

Apple-മായുള്ള നിങ്ങളുടെ കരാർ നിർവഹിക്കുന്നതിനായി, സേവനം നൽകുന്നതിന് ആവശ്യമായ രീതിയിലും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും ഞങ്ങൾ നിങ്ങളുടെ Wallet വ്യക്തിഗത ഡാറ്റ സാധാരണയായി പ്രോസസ് ചെയ്യുന്നു. ഉചിതമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ സമ്മതം ആവശ്യമായിടത്ത്, ബാധകമായ പ്രാദേശിക നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും.

ബാധകമായ പ്രാദേശിക നിയമം അനുവദിക്കുന്നപക്ഷം, ചുവടെയുള്ളവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ ഞങ്ങളുടെയോ മൂന്നാം കക്ഷിയുടെയോ ന്യായാനുസൃതമായ താൽപ്പര്യങ്ങൾക്ക് ആവശ്യമായ വ്യക്തിഗത ഡാറ്റയുടെ ഇനിപ്പറയുന്ന വിഭാഗങ്ങൾ ഞങ്ങൾ പ്രോസസ് ചെയ്യുന്നു:

  • നിങ്ങളുടെ അക്കൗണ്ട്, നിങ്ങളുടെ അക്കൗണ്ട് സജീവമാണോ എന്നതു പോലുള്ളത്
  • നിങ്ങളുടെ ഡിവൈസ്, ഡിവൈസിന്റെ തരം, സോഫ്റ്റ്‌വെയർ പതിപ്പ്, ഡിവൈസ് സീരിയൽ നമ്പർ എന്നിവ പോലുള്ളവ
  • നിങ്ങളുടെ പാസ്, പാസിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിവരങ്ങൾ പോലുള്ളവ
  • നിങ്ങളുടെ പാസ് ഇഷ്യൂവർ, പാസിന് അപ്ഡേറ്റുകൾ നൽകാൻ അംഗീകാരമുള്ള മൂന്നാം കക്ഷി പോലുള്ളവ
  • നിങ്ങളുടെ വാലറ്റ് ഉപയോഗം, ഉദാഹരണത്തിന്, പങ്കിട്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ നിങ്ങൾ ചേർത്ത പാസുകളുടെ എണ്ണവും തരവും (ഉദാഹരണത്തിന് ഹോട്ടൽ, കോർപ്പറേറ്റ്)
  • നിങ്ങളുടെ ലൊക്കേഷൻ

ഇനിപ്പറയുന്നത് ഉൾപ്പെടെയുള്ള ന്യായാനുസൃത താൽപ്പര്യങ്ങൾ:

  • ഒരു പാസ് ചേർക്കലും കൈകാര്യം ചെയ്യലും
  • നിങ്ങൾക്കും മറ്റുള്ളവർക്കുമായി സേവനം മെച്ചപ്പെടുത്താനും ഓപ്റ്റിമൈസ് ചെയ്യാനും സഹായിക്കൽ
  • നിങ്ങൾക്ക് ഏറ്റവും പ്രസക്തമായ ഫീച്ചറുകൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കൽ
  • ഓഫറുകൾക്കുള്ള യോഗ്യത പരിശോധിക്കുന്നു
  • വാലറ്റിനെ കുറിച്ചും നിങ്ങൾക്ക് താൽപ്പര്യമുള്ള മറ്റ് Apple ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഓഫറുകൾ എന്നിവയെ കുറിച്ചുമുള്ള ആശയവിനിമയങ്ങൾ നിങ്ങൾക്ക് അയയ്ക്കുന്നു
  • തട്ടിപ്പും മറ്റ് ഉപദ്രവകരമായ പ്രവർത്തനങ്ങളും തടയുന്നത്

മറ്റ് വിവരങ്ങൾ

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ പോലുള്ള സമ്പർക്കരഹിത പേയ്മെന്റിനെ സംബന്ധിച്ച വിവരങ്ങൾ www.apple.com/legal/privacy/data/en/apple-pay എന്നതിൽ Apple Pay-ഉം സ്വകാര്യതയും എന്നതിൽ വിവരിച്ചിരിക്കുന്നു.

അറിയിപ്പുകൾ ഉൾപ്പെടെ, വാലറ്റ് ഫീച്ചറുകളുമായി നിങ്ങൾ എങ്ങനെ ഇന്ററാക്റ്റ് ചെയ്യുന്നു എന്നത് പോലുള്ള നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയിക്കാത്ത വാലറ്റ് ഡാറ്റ, വാലറ്റിന്റെയും മറ്റ് Apple ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പൊതുവായ മെച്ചപ്പെടുത്തലിനായി പരിമിത സമയത്തേക്ക് നിലനിർത്തിയേക്കാം.

എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple‑ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

2025-12-12